ഇംഗ്ലീഷിനെ യു.എസിൻ്റെ ഔദ്യോഗിക ഭാഷയാക്കിയുള്ള എക്സിക്യുട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. യു.എസിന്റെ 250 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണിത്. സർക്കാരും സർക്കാർ ഫണ്ട് ലഭിക്കുന്ന ഏജൻസികളും ഇംഗ്ലീഷ് സംസാരിക്കാത്തവർക്ക് ഭാഷാ സഹായം ലഭ്യമാക്കണമെന്ന മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഉത്തരവിനെ റദ്ദാക്കുന്നതാണ് പുതിയ ഉത്തരവ്. രാജ്യത്തിൻ്റെ ഐക്യം ഊട്ടിയുറപ്പിക്കാനും സർക്കാർ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് വൈറ്റ്ഹൗസ് പറഞ്ഞു. അമേരിക്കയിലെ വിവിധ ഭാഷാ-കുടിയേറ്റ സമൂഹങ്ങളെ ബാധിക്കുന്ന തീരുമാനത്തിനെതിരേ വ്യാപകവിമർശനമുയർന്നു. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്ത് 350-ലേറെ ഭാഷകൾ സംസാരിക്കുന്നവരുണ്ട്.