കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗ് മതരാഷ്ട്ര വാദികളുമായി സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസ്സാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലീം ലീഗ് മതസംഘടനകളുമായി കൂടിച്ചേര്‍ന്നുകൊണ്ട് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ മതരാഷ്ട്രവാദികളുമായി സഖ്യം ചേരുകയാണ്. എന്താണ് അങ്ങനെ സഖ്യം ചേര്‍ന്നാല്‍ എന്ന് ചോദിക്കുന്ന സ്ഥിതിയിലേക്ക് അവര്‍ എത്തുകയാണ്. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും പോലെയുള്ള സംഘടനകളുമായാണ് അവര്‍ ചേരുന്നത്. അതിപ്പോള്‍ ലീഗ്കാര് ചേരുന്നുവെന്നത് മാത്രമല്ല. ഗുണഭോക്താവ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസാണ് – എം വി ഗോവിന്ദന്‍ വിശദമാക്കി.നേരത്തെ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്ന ഇത്തരം സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ യുഡിഎഫിന് വോട്ട് ചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള ഉദാഹരണങ്ങള്‍ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിച്ചു. മത്സരിക്കുമ്പോള്‍ യുഡിഎഫിന്റെ വോട്ട് നേടി വിജയിക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.