ഈ മാസം 22 മുതല്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണില്‍ മദ്യം, പുകയില എന്നിവയുമായി ബന്ധപ്പട്ട പരസ്യങ്ങളും പ്രമോഷനുകളും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഐപിഎല്‍ അധികൃതര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നൽകിയത്. മത്സരങ്ങള്‍ക്കിടെ സ്റ്റേഡിയം പരിസരങ്ങളില്‍ മദ്യം, പുകയില എന്നിവയുടെ പരസ്യങ്ങള്‍ പാടില്ല. ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ ഉള്‍പ്പെടെ സംപ്രേഷണം ചെയ്യുന്ന പ്രമോഷനുകള്‍ ഉള്‍പ്പെടെ ആവശ്യമില്ലെന്നും മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഐപിഎല്‍ അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കി.ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ സിങ് ധുമലിന് ആരോഗ്യമന്ത്രാലയം ഡയറക്ടർ ജനറൽ (ഡിജിഎച്ച്എസ്) അതുല്‍ ഗോയല്‍ അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മദ്യവുമായോ പുകയിലയുമായോ ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളെ നേരിട്ടോ അല്ലാതെയോ അംഗീകരിക്കുന്ന കമന്റേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള കായിക താരങ്ങളുടെ പ്രചാരണം നിരുത്സാഹപ്പെടുത്തണമെന്നു കത്തില്‍ പറയുന്നു.