വ്യവസായി ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്തേക്കും. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും നടത്തിയ പരിശോധനയിലെ കണ്ടെത്തലുകളുടെ തുടർച്ചയായാണ് ചോദ്യംചെയ്യൽ എന്നാണ് സൂചന. ഗോകുലം ഗോപാലന്റെ മൊഴി ഇഡി സംഘം പരിശോധിച്ച ശേഷമാകും തുടർനടപടികൾ. ഇന്നലെ ഗോപാലന്റെ മകൻ ബൈജു ഗോപാലനിൽ നിന്നും ഇ ഡി വിവരങ്ങള്‍ തേടിയിരുന്നു.കേരളത്തിലും തമിഴ്നാട്ടിലുമായി 5 ഇടങ്ങളിൽ ആയാണ് പരിശോധന നടന്നത്.കോഴിക്കോട്ടായിരുന്ന ഗോപാലനെ ഇന്നലെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ച ഇഡി, രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു.ആയിരം കോടിയുടെ നിയമലംഘനം കേന്ദ്ര ഏജൻസി കണ്ടെത്തിയാണ് റിപ്പോർട്ടുകൾ.
എമ്പുരാൻ വിവാദത്തിന്‍റെ നിഴലിൽ നിൽക്കുമ്പോഴാണ് ഗോകുലം ഗോപാലനെ തേടി ഇഡിയുടെ വരവ്. എമ്പുരാൻ സിനിമയുടെ ചില കഥാംശങ്ങൾ പോലെ തന്നെയാണ് ഗോകുലം ഗോപാലനെതിരായ ഇഡി നടപടിയും.തിയേറ്ററുകളിൽ എമ്പുരാൻ ഹിറ്റ് അയി കയറുമ്പോഴാണ് അതിന്‍റെ നിർമാണ പങ്കാളിയായ ഗോകുലം ഗോപാലനെ ഒരു ഇടവേളയ്ക്കു ശേഷം കേന്ദ്ര ഏജൻസിയും എത്തിയത്. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് ചെന്നെയിലും കോഴിക്കോട്ടുമടക്കം അഞ്ചിടങ്ങളിൽ പരിശോധന തുടങ്ങിയത്.ചെന്നെയിലെ ഓഫീസ്, വീട്, കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസ്, ഗോകുലം മാൾ എന്നിവടങ്ങളിലെല്ലാം റെയ്ഡ് നടത്തി. പി എം എൽ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലാണ് ഇഡി പരിശോധന.ഏതാണ്ട് 1000 കോടിയോളം രൂപയുടെ കള്ളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്.ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്.ഗോകുലം ഗോപാലനോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.2017 ൽ ആദായ നികുതി വകുപ്പും 2023ൽ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയിരുന്നു.