തൃശൂരിൽ ഒരു മണിക്കൂറോളം പെയ്‌ത കനത്ത വേനൽ മഴയിലും കാറ്റിലും വ്യാപകനാശം. ശക്തമായ കാറ്റിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ ചരിഞ്ഞുവീണു. കനത്ത മഴയിൽ കുറുപ്പം റോഡിലെ കടകളിൽ വെള്ളം കയറിയിട്ടുണ്ട്. തൃശ്ശൂർ കോർപ്പറേഷന് മുന്നിലുള്ള മൊബൈൽ ലൈബ്രറി മറിഞ്ഞുവീണു. പലയിടത്തായി വ്യാപക നാശമുണ്ടായതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. പലയിടത്തും ഗതാഗതം സ്‌തംഭിച്ചു. കനത്ത കാറ്റിൽ നിരവധി മരങ്ങളും മരക്കൊമ്പുകളും ഒടിഞ്ഞു വീണു. മരങ്ങൾ വീണു പലയിടങ്ങളിലും വൈദ്യുതി കമ്പികൾ തകർന്നു. മണിക്കൂറുകളായി നഗരം ഇരുട്ടിലാണ്. വൈദ്യുതി വകുപ്പ് ജീവനക്കാർ, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ മരക്കൊമ്പുകൾ വെട്ടിമാറ്റുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥ നിർദേശ പ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം നീട്ടി. നിരത്തുകളിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളാണ് ശക്തമായ കാറ്റിൽ ചരിഞ്ഞുവീണത്. ബൈക്കിൽ വെച്ചിരുന്ന ഹെൽമെറ്റുകളും പറന്നുപോയി.വൈകിട്ട് ഏഴുമണിയോടെ തുടങ്ങിയ മഴ വൈകിയാണ് ശമിച്ചത്.