ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും, കൊച്ചിയിൽ ജോലി ചെയ്യുന്ന നവവരനും.കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്‍(65) ആണ് കൊല്ലപ്പെട്ട മലയാളി.മകളുടെ മുന്നില്‍വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത് എന്നാണ് വിവരം. കുടുംബസമേതം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. തിങ്കളാഴ്ച ആണ് അദ്ദേഹം അവിടെ എത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രൻ, മകൾ അമ്മു, അമ്മുവിൻറെ രണ്ട് ഇരട്ടകുട്ടികൾ (5) എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രൻ. കൊച്ചിയിൽ നിന്ന് ഹൈദരാബാദ് വഴിയാണ് കശ്‌മീരിലെത്തിയത്. മകൾ അമ്മുവാണ് മരണവിവരം നാട്ടിലറിയിച്ചത്. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണെന്നാണ് വിവരം. രാമചന്ദ്രൻ ദീർഘകാലം അബുദാബിയിൽ ജോലി ആയിരുന്നു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മധുവിധു ആഘോഷിക്കാൻ കശ്മീരിലെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്‌ഥൻ 26 കാരനായ ലെഫ്റ്റനന്റ് വിനയ് നർവാളാണ് കൊല്ലപ്പെട്ടത്.ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും തമ്മിലുള്ള വിവാഹം. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്ന വിനയ്, മധുവിധു ആഘോഷിക്കാനായാണ് ഹിമാൻഷിയ്ക്കെക്കൊപ്പം കശ്മീരിലെത്തിയത്. എന്നാൽ വിവാഹത്തിന്റെ ആറാം നാൾ വിനയ് ഭീകരാക്രമണത്തിൽ പെടുകയായിരുന്നു.