പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകള്‍ ആരതി.നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്ന സ്ഥലത്ത് പെട്ടെന്ന് ഒരു ശബ്ദം കേട്ടു.അടുത്തതായി ഒരു ശബ്ദം കൂടി കേട്ടപ്പോള്‍ വെടിവെയ്ക്കുന്നത് ഞാൻ കണ്ടു. ഭീകരാക്രമണമാണെന്ന് അപ്പോള്‍ മനസിലായി. എൻറെ അച്ഛനും മക്കളും എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ എല്ലാവരെയും നിലത്തേക്ക് കിടത്തി. ഞങ്ങള്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ചുറ്റും കാടാണ്. പലരും പല ഡയറക്ഷനിലേക്കാണ് ഓടുന്നത്. പെട്ടെന്ന് ടെററിസ്റ്റുകളിലൊരാള്‍ പുറത്തേക്ക് വന്നു. ഓടുന്ന ആള്‍ക്കാരുടെ അടുത്തേക്ക് വന്നിട്ട് നിലത്ത് കിടക്കാൻ പറഞ്ഞു. ഓരോരുത്തരോടും എന്തോ ചോദിക്കുന്നു, ഷൂട്ട് ചെയ്യുന്നു. അങ്ങനെ എന്റെയും അച്ഛന്റെയും അടുത്തേക്ക് വന്നു. അവർ ഒരൊറ്റ വാക്കേ ചോദിക്കുന്നുള്ളൂ. കലിമ എന്ന് മാത്രം. മനസിലായില്ലെന്ന് ഹിന്ദിയില്‍ മറുപടി പറഞ്ഞു.
അഞ്ച് നിമിഷത്തിനുള്ളില്‍ അച്ഛനെ അവരെന്റെ മുന്നില്‍ വെച്ച് ഷൂട്ട് ചെയ്തു. എന്റെ മക്കളാണ് എന്റെ കൂടെയുണ്ടായിരുന്നത്. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മാ പോകാമെന്ന് മക്കള്‍ പറഞ്ഞു. പിന്നെ എന്റെയുള്ളിലെ അമ്മയായിരുന്നു. അച്ഛനെ രക്ഷിക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായി. അച്ഛൻ തത്ക്ഷണം മരിച്ചെന്നും ഉറപ്പായിക്കഴിഞ്ഞിരുന്നു”. -ആരതി പറഞ്ഞു.”ഞാനെന്റെ മക്കളെയും കൂട്ടി ആ കാട്ടിലൂടെ ഏതൊക്കെയോ വഴിയിലൂടെ ഓടി. തുടർന്ന് പലയിടത്ത് വന്ന ആളുകളെല്ലാം കൂടി ഒരു ഗ്രൂപ്പായി. എല്ലാവരും കൂടി മുക്കാല്‍ മണിക്കൂറോളം നടന്നിട്ടാണ് മൊബൈലിന് റേഞ്ച് കിട്ടിയത്. പിന്നീട് അവിടെയുള്ള എന്റെ ഡ്രൈവർ മുസാഫിറിനെ വിളിച്ചു. അദ്ദേഹമാണ് മറ്റുള്ളവരെ അറിയിച്ചത്. പിന്നീട് സൈന്യമെത്തി മുകളിലേക്ക് കയറിപ്പോകുന്നത് കണ്ടു”. -ആരതി പറയുന്നു.
“ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ അവർ എന്റെ തലയിലൊന്ന് കുത്തി. അത് വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നറിയില്ല. എന്റെ മക്കള്‍ കരഞ്ഞത് കൊണ്ട് അവർ എന്നെ വിട്ടിട്ടു പോയതാകാം. എന്റെ അടുത്ത് വന്നത് പൊലീസ് യൂണിഫോമിലൊന്നുമല്ലായിരുന്നു. എന്റെ കൂടെയുണ്ടായിരുന്നത് മുസാഫിർ, സമീർ എന്നീ രണ്ട് ഡ്രൈവർമാരായിരുന്നു. അവർ കശ്മീരികളാണ്. എന്റെ അനിയനെയും ചേട്ടനെയും പോലയാണ് അവർ കൂടെ നിന്നത്.
രാത്രി 3 മണിവരെ ഞാൻ മോർച്ചറിയുടെ മുന്നിലായിരുന്നു. ഐഡന്റിഫിക്കേഷനും മോർച്ചറിയിലേക്ക് കൊണ്ടുപോകാനും ഒക്കെ അവർ എന്റെ കൂടെയുണ്ടായിരുന്നു. എന്നെ അനിയത്തിയെ പോലെയാണ് അവർ കൊണ്ടുനടന്നത്. കശ്മീരില്‍ എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി എന്നാണ് എയർപോർട്ടില്‍ വെച്ച് അവരോട് ബൈ പറഞ്ഞപ്പോള്‍ ഞാൻ പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെ എന്നും പറഞ്ഞു”.-ആരതി പറഞ്ഞു.