തിരുവനന്തപുരം ബാലരാമപുരം മടവൂർപ്പാറയിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. ഇവരെ രക്ഷിക്കാനെത്തിയയാൾ വീട്ടിലേക്കു മടങ്ങവേ, ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു മരിച്ചു.ബാലരാമപുരം മടവൂർപ്പാറയിലും താന്നിവിളയിലുമാണ് അപകടമുണ്ടായത്. മടവൂർപ്പാറയിൽ രാത്രി 11.30-ന്, നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് സ്കൂട്ടർയാത്രക്കാരും അയൽവാസികളുമായ പെരുമ്പഴുതൂർ തേവരക്കോട് ബിആർ നിലയത്തിൽ രാജന്റെയും ബീനയുടെയും മകൻ അഖിൽ(19), കളത്തുവിള പൂവൻവിള പുത്തൻവീട്ടിൽ തങ്കരാജന്റെയും ശ്രീജയുടെയും മകൻ ശാമുവേൽ(20), തേവരക്കോട് കിഴക്കുംകര പുത്തൻവീട്ടിൽ ഷൈജുവിൻ്റെയും സീമയുടെയും മകൻ അഭിൻ(19) എന്നിവരാണ് മരിച്ചത്. ഈ അപകടസ്ഥലത്ത് രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായ താന്നിവിള ചാത്തലമ്പാട്ടുകോണം വടക്കുംകര സന്തോഷ് ഭവനിൽ മനോജാണ്(സച്ചു-26) രാത്രി 12.45-ന് മടവൂർപ്പാറ-താന്നിവിള റോഡിൽ ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു മരിച്ചത്.