ഡി.സി.സി പുനഃസംഘടന ഉറപ്പായതോടെ തിരുവനന്തപുരത്ത് കോൺഗ്രസിൽ കരു നീക്കങ്ങൾ സജീവം. തിരുവനന്തപുരത്തെ പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ മുതിർന്ന നേതാക്കൾക്ക് താല്പര്യമില്ല. വി എസ് ശിവകുമാർ അടക്കമുള്ള മുതിർന്ന നേതാക്കളാണ് വിയോജിപ്പ് അറിയിച്ചത്. എന്നാൽ പാർട്ടിയിലെ ജൂനിയർ നേതാക്കൾ ബയോഡാറ്റ നൽകി കാത്തിരിക്കുകയാണ്.തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ കോർപറേഷനിൽ കോൺഗ്രസിന് മെച്ചപ്പെട്ട റിസൾട്ട് ഉണ്ടാക്കണം. അതിനായി മുതിർന്ന നേതാക്കളെയാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വി.എസ് ശിവകുമാറിൻ്റെ പേരിനാണ് മുൻതൂക്കം. എന്നാൽ 2007 ൽ വഹിച്ച പദവി ഏറ്റെടുക്കാൻ വിഎസ് ശിവകുമാർ തയ്യാറല്ല. സംഘടനാ ദൗർബല്യം ഏറെയുള്ള തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായാൽ പഴി കേൾക്കേണ്ടി വരും എന്നത് ശിവകുമാർ മാർ അടക്കമുള്ള മുതിർന്ന നേതാക്കളെ പിന്തിരിപ്പിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതും അത്തരം നേതാക്കളുടെ താല്പര്യക്കുറവിന് കാരണമാണ്.എന്നാൽ ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് എത്താൻ ആഗ്രഹിക്കുന്നവരുമുണ്ട്. ദീപാ ദാസ് മുൻഷിയെ നേരിട്ട് കണ്ട് താല്പര്യമറിയിച്ച് ബയോഡാറ്റ നൽകിയവരുമുണ്ട്. ചെമ്പഴന്തി അനിൽ, കെ.എസ് ശബരിനാഥ്, മണക്കാട് സുരേഷ്, ജെ.എസ് അഖിൽ എന്നിവരുടെ പേരുകളും തിരുവനന്തപുരം ഡി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതിനാൽ കെ.എസ് ശബരിനാഥൻ കൂടി മാറിനിന്നാൽ മറ്റു പേരുകളിലേക്ക് ചർച്ചകൾ നീളും. പുനഃസംഘടന നടപടികൾ പൂർത്തീകരിക്കേണ്ട ചുമതല പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനുമാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. സ്വാഭാവികമായും ഇവരുടെ പിന്തുണ തലസ്ഥാനത്തെ ഡി.സി.സി പ്രസിഡന്റിന്റെ കാര്യത്തിൽ നിർണായകമാവും.