നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിച്ചതോടെ വാക്കുപാലിച്ച സിപിഐ നേതാവ് മുസ്ലിം ലീഗില്‍ ചേര്‍ന്നു. മലപ്പുറം തുവൂര്‍ ടൗണ്‍ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് പാര്‍ട്ടി വിട്ടത്. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷരീഫുമായി സ്വരാജ് ജയിക്കുമെന്നായിരുന്നു ബെറ്റ്. ഇന്ന് രാവിലെ ഗഫൂര്‍ പാര്‍ട്ടി അംഗത്വം രാജിവെക്കുകയായിരുന്നു.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉച്ചസ്ഥായിലെത്തി നിന്ന 14ന് രാവിലെയാണ് വാശിയേറിയ ബെറ്റ് നടന്നത്. ചായക്കടയില്‍ നടന്ന ചര്‍ച്ച രാഷ്ട്രീയമായ തര്‍ക്കത്തിലേക്കു നീങ്ങുകയും തുടര്‍ന്ന് പന്തായം വെക്കുകയുമായിരുന്നു. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ഷെരീഫ് പറഞ്ഞിരുന്നത്. എം. സ്വരാജ് പരാജയപ്പെട്ടാല്‍ മുസ്ലീം ലീഗില്‍ ചേരാമെന്ന് ഗഫൂറും ബെറ്റ് വെച്ചു.തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വാക്ക് പാലിക്കാന്‍ തയാറാണെന്ന് അറിയിച്ചു സിപിഐ നേതാവ് രംഗത്തെത്തിയത്. മുസ്ലിം ലീഗിന്റെ ഭാഗമായി താന്‍ പ്രവര്‍ത്തിക്കുമെന്ന് ഗഫൂര്‍ അറിയിക്കുകയായിരുന്നു. അദേഹം ഔദ്യോഗികമായി മുസ്ലീം ലീഗ് അംഗത്വം സ്വീകരിച്ചു.

