ഗാസയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേല്‍ ആക്രമണം. ഹോളി ഫാമിലി ചർച്ചാണ് വ്യാഴാഴ്ച രാവിലെ ഇസ്രയേല്‍ തകർത്തത്. ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ഹോളി ഫാമിലി പള്ളി വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്കും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ അല്‍ അഹ്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പുരോഹിതൻമാർ ഉള്‍പ്പെടെ ആറുപേർക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ പള്ളി സമുച്ചയത്തിന്റെ വലിയൊരു ഭാഗം നശിച്ചു. ജനവാസകേന്ദ്രമായ അല്‍ സൈത്തൂണ് മേഖലയില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഹോളി ഫാമിലി പള്ളിയും ആക്രമിച്ചത്.

