ഏറ്റുമാനൂരിൽ പൊലീസിൻ്റെ വൻ ലഹരിമരുന്ന് വേട്ട.ജിമ്മിലേയും, കായിക താരങ്ങൾക്കും ഉത്തേജനം കിട്ടാൻ ഉപയോഗിച്ചിരുന്ന 250 കുപ്പി ലഹരി മരുന്ന് ആണ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ പൊലീസ് സംഘം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് അതിരമ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ രാമങ്കരി മഠത്തിൽ പറമ്പിൽ സന്തോഷ് മോഹനനെ (32) ഏറ്റുമാനൂർ എസ് എച്ച് ഒ എ. എസ് അൻസിലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.കോട്ടയം ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ലഹരി മരുന്ന് പിടികൂടുന്നത്. ജില്ലയിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണ് ഇത്.
ഏറ്റുമാനൂർ പോലീസ് കഴിഞ്ഞദിവസം നഗരത്തിൽ പരിശോധന നടത്തുന്നതിനിടെ സന്തോഷ് എന്ന ആളിൽ നിന്നും ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് സന്തോഷിന്റെ വാഹനം പരിശോധിക്കുന്നതിനിടയാണ് ഇയാളുടെ വാഹനത്തിൻറെ ബോണറ്റിനുള്ളിൽ നിന്നും ലഹരിക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വ്യാപകമായി കണ്ടെടുത്തത്. ഇതേ തുടർന്ന് ഏറ്റുമാനൂർ പോലീസ് സംഘം ഡ്രഗ് ഇൻസ്പെക്ടർമാരെ വിവരമറിയിച്ചു. ഡ്രഗ് ഇൻസ്പെക്ടർമാരായ താരാ എസ് പിള്ള , ജമീല ഹെലൻ ജേക്കബ് , ബബിത കെ വാഴയിൽ എന്നിവർ നടത്തിയ പരിശോധനയിലാണ് വീര്യം കൂടിയ ലഹരി മരുന്നാണ് പ്രതി കടത്തിക്കൊണ്ടു വന്നതെന്ന് കണ്ടെത്തിയത്.
ശസ്ത്രക്രിയയ്ക്കിടെ രോഗികൾക്ക് രക്തസമ്മർദ്ദം കുറഞ്ഞാൽ ഇത് നിയന്ത്രിക്കുന്നതിനുവേണ്ടി നൽകുന്ന മരുന്നാണ് ഇത്. ഓൺലൈനിൽ നിന്നും വാങ്ങുന്ന മരുന്ന് കോട്ടയം ജില്ലയിൽ വ്യാപകമായി വിതരണം ചെയ്തിരുന്നത് പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു. 10 മില്ലി യുടെ 250 കുപ്പികളാണ് പിടിച്ചെടുത്തത്. ജില്ലയിലെ ജിമ്മുകളിലും , വടംവലി അടക്കമുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും വ്യാപകമായി ഈ മരുന്ന് പ്രതി വിതരണം ചെയ്തിരുന്നതായി പോലീസ് പറയുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെജി അനീഷ് , ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എ. എസ് അൻസൽ , എസ് ഐ എ.എസ് അഖിൽ ദേവ് , സിവിൽ പൊലീസ് ഓഫിസർ ധനേഷ് , അജിത് , സുനിൽ , വനിത എ എസ് ഐ ജിഷ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.