വയനാട് ദുരന്തത്തില്‍ 231 പേർ മരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഇതില്‍ 178 മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു.
വിവിധ ഇടങ്ങളില്‍ നിന്നായി 212 ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തത്.
128 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മേപ്പാടിയിലെ ആകെ നഷ്ടം 1200 കോടി രൂപയുടേതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
പുനഃരധിവാസം ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ പുരോഗതി അറിയിക്കണം.
എല്ലാ വെള്ളിയാഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്ന് കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേസിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ,ദേശീയ പാതാ അതോറിറ്റി തുടങ്ങിയവരെ ഹൈക്കോടതി കക്ഷി ചേർത്തു.
ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
വയനാട്ടിലെ മണ്ണിടിച്ചിൽ പ്രശ്നസാധ്യതയുള്ള എല്ലാ സ്ഥലത്തെയും വിഷയം പരിഗണനയിലുണ്ടാകുമെന്ന് കോടതി പറഞ്ഞു.
ഉരുൾപൊട്ടൽ ,മണ്ണിടിച്ചിൽ എന്നിവയിൽ പ്രദേശത്ത് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്നതിൽ മറുപടിയ്ക്കായി സർക്കാർ സാവകാശം തേടി.