ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി.നടനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. അടുത്തദിവസങ്ങളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് രക്തപരിശോധനയിൽ വ്യക്തമാകും. ഇതുകൂടാതെ നഖവും മുടിയും കൂടി പരിശോധിക്കും. ഷൈൻ ലഹരി പരിശോധനയ്ക്ക് സമ്മതിച്ചിട്ടുണ്ട്.വേദാന്ത ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയതിന്റെ കാരണം സംബന്ധിച്ച തെളിവുകൾ പൊലീസിന്റെ കൈയിൽ ഉണ്ടായിരുന്നില്ലെങ്കിലും മറ്റു ചില ഹോട്ടലുകളിൽ താമസിച്ചത്, ചിലരുമായി ബന്ധപ്പെട്ടത്, ഗൂഗിൾ പേ വഴി പണം കൈമാറിയത്, ബാങ്ക് ഇടപാടുകൾ അടക്കമുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതെല്ലാം കൈയിൽവച്ചാണ് ഇന്ന് പൊലീസ് ചോദ്യം ചെയ്യൽ നടത്തിയത്. അതുകൊണ്ടുതന്നെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഷൈനിന് സാധിച്ചില്ല. നടനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യഥാക്രമം എൻഡിപിഎസ് ആക്ട് 27ബി, 29, ബിഎൻസ് 238 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വാട്ട്സാപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസിൽ നിർണായകമായത്.