ലൈംഗികാരോപണം നേരിടുന്ന നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് കോടതിയുടെ നടപടി.
യുവനടി നല്‍കിയ പരാതിയില്‍ ബലാത്സംഗ കുറ്റമടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ നിരപരാധിയാണെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നെന്നു പറയുന്ന സംഭവത്തിലാണ് യുവതി പരാതിയുമായി രംഗത്തുവന്നത്. 2018ല്‍ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടി ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ആ ഘട്ടത്തിലൊന്നും ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല.
ഹേമ കമ്മിറ്റി പുറത്തുവന്ന ഘട്ടത്തില്‍ തനിക്കെതിരെയുള്ള ആരോപണം ബലപ്പെടുത്താനാണ് യുവതി ബലാത്സംഗക്കുറ്റം ആരോപിക്കുന്നതെന്നായിരുന്നു സിദ്ദിഖിന്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ ഹൈകോടതി അംഗീകരിച്ചില്ല.