എയർ ഇന്ത്യയുടെ വനിതാ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് 25-കാരിയായ സൃഷ്ടി തുലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാമുകൻ ആദിത്യ പണ്ഡിറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട‍്. ഇയാള്‍ക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) പ്രകാരം കേസെടുത്തു. തിങ്കളാഴ്ചയാണ് സൃഷ്ടിയെ അന്ധേരിയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡാറ്റാ കേബിളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാമുകനെ കസ്റ്റഡിയിലെടുത്തത്.
ആദിത്യ പണ്ഡിറ്റ് പരസ്യമായി അപമാനിച്ചെന്നും ഉപദ്രവിച്ചെന്നും സൃഷ്ടി പറഞ്ഞിരുന്നതായി അമ്മാവൻ സമർപ്പിച്ച പരാതിയില്‍ പറയുന്നു. സസ്യാഹാരിയായ സൃഷ്ടിയെ നിർബന്ധിച്ച് സസ്യ ഇതര ആഹാരം കഴിപ്പിക്കാൻ ശ്രമിച്ചെന്നും കടുത്ത സമ്മർദ്ദം ചെലുത്തിയെന്നും പരാതിയിലുണ്ട്. ഫോണില്‍ വിളിച്ച് മരിക്കാൻ പോവുകയാണെന്ന് പണ്ഡിറ്റിനെ സൃഷ്ടി അറിയിച്ചിരുന്നു. പണ്ഡിറ്റ് ഡല്‍ഹിയിലേക്ക് പോകും വഴിയായിരുന്നു സൃഷ്ടിയുടെ ആത്മഹത്യ.ആത്മഹത്യ ഭീഷണി മുഴക്കിയതിന് പിന്നാലെ പണ്ഡിറ്റ് മുംബൈയിലേക്ക് തിരിച്ചു. അകത്ത് നിന്നും ഫ്ലാറ്റിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. കീ മേക്കറുടെ സഹായത്തോടെ വാതില്‍ തുറന്നപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.ഉത്തർപ്രദേശ് സ്വദേശിയാണ് സൃഷ്ടി.