ആലപ്പുഴയിൽ 5 മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ്. ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറില്‍ 12 പേരാണ് ഉണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം പറഞ്ഞു. വാഹനം ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ ഇക്കാര്യം പറഞ്ഞത്. ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. ആ സമയം ഒരു മണിക്കൂറോളമായി ആലപ്പുഴ നഗരപ്രദേശത്ത് നല്ല മഴയായിരുന്നു. മഴ മൂലം കാഴ്ച മങ്ങിയതും അപകടത്തിന് വഴിവെച്ചിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നും രണ്ടും വർഷ മെഡിക്കല്‍ വിദ്യാർത്ഥികളാണ് അപകടത്തില്‍പെട്ടത്. ആലപ്പുഴയില്‍ നിന്നും കായംകുളത്തേക്ക് പോകുകായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലേക്കാണ് കാർ ഇടിച്ചുകയറിയത്. 2010 മോഡല്‍ ടവേര കാറാണ് അപകടത്തില്‍പെട്ടത്. വാഹനം പൂർണമായി തകർന്നിട്ടുണ്ട്. ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം, ദേവാനന്ദ് (ലക്ഷദ്വീപ്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടിയുടെ നിലയും ഗുരുതരമാണ്. വണ്ടാനം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമായിട്ടാണ് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുളളത്.