വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മദിനമായ ഇന്ന് കുടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിൽ ജനന തിരുനാളിൻ്റെ പ്രധാന ആഘോഷങ്ങൾ നടക്കും.
വൈകുന്നേരം 4.30ന് സായാഹ്ന പ്രാർഥന, വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, നൊവേന എന്നിവ നടക്കും ഫാ. റോയി കണ്ണഞ്ചിറ സിഎംഐ, ഫാ. റോബി കണ്ണഞ്ചിറ സിഎംഐ എന്നിവർ കാർമികത്വം വഹിക്കും.
തുടർന്ന് തിരുനാൾ പ്രദക്ഷിണം നടക്കും. അൽഫോൻസാ ജന്മ ഗൃഹത്തിൽനിന്ന് ആരംഭിച്ച് പനമ്പാലം സെൻ്റ് മൈക്കിൾസ് ചാപ്പലിൽ എത്തി പ്രാർഥനകൾക്കു ശേഷം തിരികെ ജന്മഗൃഹത്തിലെത്തി സമാപിക്കുന്ന പ്രദക്ഷിണത്തിൽ കത്തിച്ച തിരികളുമായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. പ്രദക്ഷിണത്തിനു ശേഷം കൊടിയിറക്ക്. നേർച്ചവിതരണത്തോടെ 10 ദിവസം നീണ്ട തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.
വിശുദ്ധ അൽഫോൻസാമ്മ ജനിച്ച ഭവനം സന്ദർശിച്ച് പ്രാർഥിക്കാൻ നൂറുകണക്കിന് വിശ്വാസികളാണ് ഈ ദിവസങ്ങളിൽ എത്തിച്ചേർന്നത്. അൽഫോൻസാമ്മ ജനിച്ച വീടിൻ്റെ ഓല മേഞ്ഞ മേൽക്കൂര പിന്നീട് ഓട് മേയുകയും ചാണകം മെഴുകിയ തറ കോൺക്രീറ്റ് ചെയ്യുകയും ചെയ്തെങ്കിലും ഒരു മുറിയുടെ തറ ചാണകം മെഴുകിത്തന്നെ നിലനിർത്തിയിരിക്കുകയാണ്. ഈ തറയിൽ ചാണകം മെഴുകുന്നത് ഇവിടുത്തെ പ്രധാന നേർച്ചയാണ്.