അമ്മയുടെ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന് മകൻ മൃതദേഹം പാടത്ത് ഉപേക്ഷിച്ചു. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യപാനിയായ ദിനേശൻ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. ഉച്ച കഴിഞ്ഞും അയാൾ സ്ഥലത്തുനിന്ന് എഴുന്നേൽക്കാതെയിരുന്നത് കൊണ്ടാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്.പൊലീസെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റതാണ് മരണകാരണമെന്ന് മനസ്സിലായത്. തുടരന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അതേസമയം കൊലപാതകം കിരണിൻ്റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്നും റിപ്പോർട്ട്.