മലപ്പുറം കോടങ്ങാട് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രത്തിലെ ഷെഡ് നിർമാണത്തിനിടെ ഇരുമ്പ് ഗ്രൈന്‍ഡറിന്റെ ബ്ലേഡ് കഴുത്തില്‍ തട്ടി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.ഉത്തര്‍പ്രദേശിലെ ബൈത്താല്‍പുര്‍ സ്വദേശി സദ്ദാം ഹുസൈനാണ് (32) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം.
ഡയാലിസിസ് കേന്ദ്രത്തോട് ചേർന്ന ഷെഡില്‍ ഷീറ്റിടുന്നതിനിടെ അബദ്ധത്തില്‍ വീണ യുവാവിന്റെ കഴുത്തില്‍ ഗ്രൈന്‍ഡര്‍ വീണ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ടോട്ടി പൊലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.