പുരാവസ്തുവും പുരാരേഖയും ചരിത്രവും സംരക്ഷിക്കേണ്ടത് രാജ്യത്തിന് അനിവാര്യമെന്ന് പുരാരേഖ പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.കേരള പൊതുരേഖ ബിൽ സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറസ് ഹാളിൽ ചേർന്ന സെലക്ട് കമ്മിറ്റി തെളിവെടുപ്പിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .ചരിത്രത്തെ ചരിത്രമായി സൂക്ഷിക്കാൻ കഴിയണം. പുരാവസ്തു രേഖകൾ വരും തലമുറയ്ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ സൂക്ഷിക്കണം.
പുരാവസ്തു സംരക്ഷണത്തെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സമഗ്രമായ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. പുരാരേഖകൾ സംരക്ഷിക്കുന്നതിന് കേരളത്തിൻ്റെ രാഷ്ട്രീയ സാംസ്കാരിക പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ പ്രതിബദ്ധതയോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കണം. പുരാരേഖ സംരക്ഷണത്തിനായി ആരംഭിച്ച ഇടങ്ങളിൽ നിരവധി സന്ദർശകർ എത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് വിശദമായ പരിശോധനനടത്തി ആവശ്യമായ ഭേദഗതികൾ ഉൾകൊള്ളിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പൊതുജനങ്ങള്‍, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു.
എം എൽ എ മാരായ അഹമ്മദ് ദേവർ കോവിൽ , പി നന്ദകുമാർ, ഇ ടി ജെയ്സൺ, പി ഉബൈ ദുള്ള, കെ വി സുമേഷ്, എം രാജഗോപാലൻ, ചീഫ് വിപ്പ് ഡോ എൻ ജയരാജ് , ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്,കേരള നിയമസഭ നിയമനിർമാണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷീബ വർഗീസ്, പുരാവസ്തു ഡയറക്ടർ ഇൻ ചാർജ് എസ് പാർവതി, എ ഡി എം വിനോദ് രാജ് എന്നിവർ പങ്കെടുത്തു.