മലപ്പുറം തിരുവാലി വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഒരു ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിലായി. സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തിനെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. വില്ലേജ് അസിസ്റ്റന്റ് തൃക്കലങ്ങോട് ആമയൂർ സ്വദേശി റഹ്‌മത്തുള്ള നേരത്തെ പിടിയിലായിരുന്നു. കുഴിമണ്ണ സ്വദേശിയുടെ 60 സെന്റ് സ്ഥലത്തിന്റെ പട്ടയത്തിലെ തെറ്റുകൾ തിരുത്തി നൽകാനായി ഏഴ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ ആണ് അറസ്റ്റ്. 50000 രൂപ കൈമാറുന്നതിനിടെയാണ് റഹ്മത്തുള്ള പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്പെഷ്യൽ വില്ലേജ് ഓഫീസർ ശരത്തിൻ്റെ പങ്ക് വ്യക്തമായത്.