ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകള്‍ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു.കൂട്ടത്തോടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്തശേഷം റദ്ദാക്കി പുതിയ ആളുകള്‍ക്ക് ലഭ്യമാക്കുന്ന തരത്തില്‍ ആസൂത്രിത ശ്രമമുണ്ടെങ്കില്‍ തടയുക എന്നലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുതിയ സംവിധാനം നിലവിൽ വന്നു. മുൻവർഷത്തെ അപേക്ഷിച്ച് ശബരിമലയിൽ 47 ശതമാനത്തോളം തീർഥാടകരുടെ കുറവ് വന്നിട്ടുണ്ട്.ഇതിന് കാരണം സ്ലോട്ട് ബുക്കിങ് കൂട്ടത്തോടെ റദ്ദാകുന്നതാണ്. ഇതരസംസ്ഥാനത്തുള്ള ഭക്തരെ എത്തിക്കുന്ന ചില ഏജൻസികൾ ഡമ്മി ബുക്കിങ് നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും പ്രസിഡൻ്റ് പറഞ്ഞു.ഇതിനിടെ ശബരിമല ദർശനത്തിന് കൂടുതൽ സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കണമെന്ന് ദേവസ്വം ബോർഡിനു ദേവസ്വം മന്ത്രി കെ.മുരളീധരൻ കത്തു നൽകി. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതിയോടെ സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

