നടിയുടെ പരാതിയിൽ മുകേഷും ഇടവേള ബാബുവുമടക്കമുള്ള 6 പേർക്കെതിരെയും ഇന്ന് കേസെടുത്തേക്കും.ലൈംഗികാതിക്രമം നേരിട്ടെന്ന നടിയുടെ പരാതിയിൽ ജയസൂര്യക്കെതിരെ കേസെടുത്തതിന് പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയൻ പിള്ള രാജു എന്നിവരടക്കമുള്ളവക്കെതിരെയും പൊലീസ് ഇന്ന് കേസെടുത്തേക്കും.ഇവർക്കെതിരെ പരാതി ഉന്നയിച്ച നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.മൊഴിയെടുത്ത ശേഷമാണ് കേസെടുക്കാൻ നീക്കം നടക്കുന്നത്.
സംഭവം നടന്ന അതത് പൊലീസ് സ്റ്റേഷനുകളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം.ഇന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.ഇന്നലെ രാവിലെ പത്തരയോടെയാണ് ഡി ഐ ജി അജിതാബീഗം, എ ഐ ജി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടിയുടെ ആലുവയിലെ ഫ്ലാറ്റിൽ എത്തിയത്.
ഏഴ് പരാതികളാണ് നടി പൊലീസിന് നൽകിയിട്ടുള്ളത്.മുകേഷ് എം എൽ എ, ഇടവേള ബാബു, മണിയൻപിള്ള രാജു, ജയസൂര്യ, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയാണ് പരാതികൾ.ഇതിൽ ജയസൂര്യക്കെതിരായ പരാതിയിൽ മാത്രമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.