പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ആണ് യോഗം നടക്കുക. നാളെയാണ് യോഗം നടക്കുക. കനത്ത ജാഗ്രത തുടരാൻ സേനകൾക്ക് നിർദേശം നൽകി. കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് നാളെ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തമായതോടെ പാകിസ്താനെതിരെ കനത്ത നടപടിയിലേക്ക് ഇന്ത്യ കടന്നു. നയതന്ത്രബന്ധം പരിമിതപ്പെടുത്താൻ കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിൽ തീരുമാനമായി. സിന്ധു നദീജല കരാർ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55ൽ നിന്ന് 30 ആയി കുറയ്ക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ എത്തുന്ന അട്ടരി ചെക്‌പോസ്റ്റ് അടയ്ക്കാനുള്ള നിർണായക നടപടിയിലേക്കും ഇന്ത്യ കടക്കുകയാണ്.പാക് ഹൈക്കമ്മീഷനിൽ നിന്നുള്ള പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടണമെന്നും നിർദേശമുണ്ട്. രണ്ടര മണിക്കൂറിലേറെ നേരമാണ് മന്ത്രിസഭ സമിതി യോഗം നീണ്ടുനിന്നത്. സാമ്പത്തികമായി ഉൾപ്പെടെ പാകിസ്താനെ വളരെയേറെ ബാധിക്കുന്ന നിർണായക തീരുമാനങ്ങളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.