ജനുവരിയിൽ ബി ജെ പി ദേശീയ സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾക്ക് സാധ്യത.ആർ.എസ്.എസ്. ദേശീയതലത്തില്‍ത്തന്നെ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമായാണ് സമ്പൂർണമാറ്റം. ദേശീയഅധ്യക്ഷൻ ജെ.പി. നഡ്ഡ ഒഴിയും. അടുത്തമാസത്തോടെ ആരംഭിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലാവും കേരളമുള്‍പ്പെടെ രാജ്യത്തെ മിക്കസംസ്ഥാനങ്ങളിലെയും സംസ്ഥാന അധ്യക്ഷന്മാർ മാറുന്നത്.
മൂന്നുതവണ തുടർച്ചയായി ഭരണത്തിലെത്തിയതോടെ പലസ്ഥലങ്ങളിലും സംഘടനാസംവിധാനം ദുർബലമായതായി ആർ.എസ്.എസ്. വിലയിരുത്തുന്നു. തങ്ങളുടെ ആശയപദ്ധതിയോട് പൂർണമായി അടുത്തുനില്‍ക്കുന്നവരെയും പടലപ്പിണക്കംകൂടാതെ സംഘടനയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നവരെയും അവരോധിക്കാനാണ് ആർ.എസ്.എസ്. ഒരുങ്ങുന്നത്.
ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് കേന്ദ്രമന്ത്രിമാരായ ശിവരാജ്സിങ് ചൗഹാൻ, ഭൂപേന്ദർ യാദവ്, പ്രതിരോധമന്ത്രിയും മുൻ പാർട്ടി അധ്യക്ഷനുമായ രാജ്നാഥ് സിങ് എന്നിവരുടെ പേരുകള്‍ ആർ.എസ്.എസ്. മുന്നോട്ടുവെച്ചേക്കും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായംകൂടി കണക്കിലെടുത്തേ തീരുമാനമുണ്ടാകൂ.
കേരളത്തില്‍ കെ. സുരേന്ദ്രനും മാറേണ്ടിവരും. സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള പ്രധാനനേതാക്കള്‍ക്ക് ദേശീയതലത്തില്‍ മറ്റുചുമതലകള്‍ നല്‍കിയേക്കും.