പാകിസ്ഥാനിലെ അണക്കെട്ട് നിർമാണം വേഗത്തിലാക്കുമെന്ന പ്രഖ്യാപനവുമായി ചൈന. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ച സാഹചര്യത്തിലാണിത്. ഖൈബർ പക്തൂൻഖ്വയിൽ മൊഹ്‍മന്ത് എന്ന അണക്കെട്ടിന്‍റെ നിർമാണം വേഗത്തിലാക്കാൻ ചൈന തീരുമാനിച്ചതായി ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. 2019 സെപ്തംബറിലാണ് ചൈന മൊഹ്‍മന്ത് അണക്കെട്ട് നിർമാണം തുടങ്ങിയത്. നിർമാണം അടുത്ത വർഷം പൂർത്തിയാക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കമ്മിഷനിങ് വേഗത്തിലാക്കാനാണ് തീരുമാനം. അണക്കെട്ടിൽ കോൺക്രീറ്റ് നിറയ്ക്കൽ ആരംഭിച്ചതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ഇത് ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലെ നിർണായക ഘട്ടമാണെന്ന് വിലയിരുത്തപ്പെടുന്നു.