യഥാര്‍ത്ഥ വിശ്വാസമില്ലാതെ സംവരണ ആനൂകൂല്യങ്ങള്‍ നേടിയെടുക്കാനായി മതപരിവര്‍ത്തനം നടത്തുന്നത് സംവരണ നയത്തിന്റെ അന്തസത്തയ്ക്ക് എതിരെന്ന് സുപ്രീം കോടതി. ക്രിസ്ത്യന്‍ സമുദായത്തില്‍ ജനിച്ച യുവതിയ്ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഹിന്ദുവാണെന്ന് അവകാശപ്പെട്ട യുവതി പുതുച്ചേരിയിലെ അപ്പര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് ജോലി ലഭിക്കുന്നതിനായി തനിക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.ഹര്‍ജിക്കാരി നിലവില്‍ ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നയാളെന്നും പതിവായി പള്ളിയില്‍ പോകുന്നയാളെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് പങ്കജ് മിത്തല്‍,ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്