ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ കുടുംബാംഗങ്ങള്‍ക്കുനേരേ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തുന്നതില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി.
കുടുംബത്തിന് നേരെ മതപരമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ് ചാനലില്‍ കമന്റിട്ട ഒട്ടേറെപ്പേർക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി ലഭിക്കാൻ ഗൂഗിള്‍ കമ്പനിക്ക് കോഴിക്കോട് സൈബർ പോലീസ് കത്തെഴുതി. ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പറുകള്‍, ഐ.പി. വിലാസങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഗൂഗിളില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോറിയുടമ മനാഫിന്റെ പേരിലും കേസെടുത്തിരുന്നെങ്കിലും അർജുന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന വീഡിയോയൊന്നും ഇട്ടിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.