തങ്ങളുടെ ജീവനക്കാരിയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി ഏണ്‍സ്റ്റ് ആന്റ് യംഗ് (ഇവൈ) കമ്പനി.
അന്നയുടെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് കുടുംബത്തിന് അയച്ച അനുശോചന സന്ദേശത്തില്‍ ഇവൈ പറഞ്ഞു.
അമിത ജോലിഭാരം കാരണമാണ് അന്ന മരിച്ചത് എന്ന് മാതാവ് അനിത അഗസ്റ്റിന്‍ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം.
ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതില്‍ കമ്പനി പ്രാധാന്യം നല്‍കുമെന്നും ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. അന്നയുടെ കുടുംബത്തിനുണ്ടായ നഷ്ടം നികത്താന്‍ ഒരു നടപടിക്കും കഴിയില്ല. എന്നാല്‍ ദുരിത സമയങ്ങളില്‍ ഞങ്ങള്‍ എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ട്, അത് തുടരും- കമ്പനി പറഞ്ഞു.
അന്നയുടെ കുടുംബത്തിന്റെ കത്ത് ഞങ്ങള്‍ അതീവ ഗൗരവത്തോടെ പരിഗണിക്കുന്നു എന്നും ഇവൈ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഇവൈ സ്ഥാപനങ്ങളിലുടനീളമുള്ള പതിനായിരത്തോളം ജീവനക്കാര്‍ക്ക് ആരോഗ്യകരമായ ജോലിസ്ഥലം പ്രദാനം ചെയ്യുന്നതിനുള്ള വഴികള്‍ തേടും എന്നും കമ്ബനി വ്യക്തമാക്കി. മകളുടെ മരണത്തിനു കാരണം കമ്ബനിയിലെ അമിത ജോലിഭാരവും അനാരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷവുമാണെന്ന് ഇവൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമനിക്ക് അയച്ച കത്തില്‍ അനിത ആരോപിച്ചിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അന്ന ഇവൈ ഇന്ത്യയുടെ ഭാഗമാകുന്നത്. എന്നാല്‍ ജോലിക്ക് കയറി നാല് മാസത്തിനിപ്പുറം ജൂലൈയില്‍ അന്ന മരിച്ചു. കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു അന്ന. പൂനെയിലെ താമസസ്ഥലത്ത് ജൂലൈ 20 നാണ് അന്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.