വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്ക് ഇന്ന് നിര്‍ണായകം. മൂന്നുപേരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
കേസ് ഡയറി പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് പൊലീസ് കോടതിയെ അറിയിക്കും. പൊലീസ് കേസെടുത്തതിന് പിന്നാലെ ഐസി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഒളിവിലാണ്.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് എന്‍എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്തത്. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ പാര്‍ട്ടിക്കായി പണം വാങ്ങിയെന്നും, എന്നാല്‍ നിയമനം നടക്കാതെ വന്നപ്പോള്‍, ബാധ്യത മുഴുവന്‍ തന്റെ തലയിലായി എന്നുമാണ് എന്‍ എം വിജയന്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.