ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. ആം ആദ്മി, ബിജെപി, കോണ്‍ഗ്രസ് പാർട്ടികള്‍ ശക്തമായ പ്രചാരണമാണ് നടത്തുന്നത്.കേന്ദ്ര ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതടക്കം വോട്ടെടുപ്പില്‍ അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ആണ് ബിജെപി. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം ഭരണപക്ഷത്തുനിന്നുള്ള എംഎല്‍എമാർ രാജിവെച്ചത് ബിജെപിയില്‍ ചേർന്നത് ആം ആദ്മി പാർട്ടിയില്‍ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. പാർട്ടിക്ക് ലഭിക്കാൻ സാധ്യതയുള്ള വോട്ടുകള്‍ നഷ്ടമാകുമോ എന്നാണ് എഎപിയെ ആശങ്കയിലാക്കുന്നത്. കോണ്‍ഗ്രസും ശക്തമായി പ്രചാരണ രംഗത്തുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയാണ് കോണ്‍ഗ്രസിന്റെ പ്രചരണം നടത്തുന്നത്. ഭരണതുടർച്ചക്ക് ആം ആദ്മി പാർട്ടി തീവ്ര പരിശ്രമം നടത്തുമ്പോള്‍ ഒരു അട്ടിമറിയാണ് കോണ്‍ഗ്രസ്സും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.