പ്രസവത്തിന് പിന്നാലെ അപൂർവ്വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഡോക്ടർമാർ.
മരണസാധ്യത 95 ശതമാനം വരെയുള്ള അവസ്ഥയില്‍നിന്നാണ് യുവതിയെ ഡോക്ടർമാർ ജീവിതത്തിലേക്ക് തിരികെ കയറ്റിയത്.
യുവതി പ്രസവത്തെ തുടർന്ന് ഗർഭപാത്രം അകംപുറം മറിഞ്ഞ് പുറത്തേക്ക് തള്ളി ഗുരുതരാവസ്ഥയിലാവുകയായിരുന്നു.
ഉടൻ തന്നെ ഡോക്ടർമാർ യുവതിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി.
ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരുടേയും ശസ്ത്രക്രിയ വിഭാഗത്തിലെ ജീവനക്കാരുടേയും അവസരോജിതമായ ഇടപെടിലാണ് ഇരുപത്തിനാലുകാരിയുടെ ജീവൻ രക്ഷിച്ചത്.
30,000 പേരില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന അപൂർവ രോഗാവസ്ഥയാണിത്.
പ്രസവമുറിയിലായിരുന്ന യുവതിക്ക് രക്തസമ്മർദ്ദം താഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രോഗാവസ്ഥ മനസ്സിലായത്.
ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ജി.എല്‍. പ്രശാന്ത്, ഡോ. അരുണ്‍കുമാർ, അനസ്തേഷ്യോളജിറ്റ് ഡോ. സുഹൈല്‍ പി.ബഷീർ, ശസ്ത്രക്രിയവിഭാഗം ജീവനക്കാർ എന്നിവർ നേതൃത്വംനല്‍കി.
യുവതിയുടെ ജീവൻ രക്ഷിച്ച ഡോക്ടർമാരേയും ആശുപത്രി ജീവനക്കാരേയും മന്ത്രി വീണാജോർജ് അഭിനന്ദിച്ചു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി സൂപ്രണ്ട് സാവൻ സാറാ മാത്യു പറഞ്ഞു.