സമവായ ചർച്ചകൾ സാധ്യമെന്ന പ്രതീക്ഷകൾക്കിടയിലും ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ആയുധം താഴെവെച്ചില്ലെങ്കിൽ മരണമെന്ന് ഇറാൻ സൈന്യത്തിനും റെവല്യൂഷണറി ഗാർഡിനും ട്രംപ് മുന്നറിയിപ്പ് നൽകി. ലക്ഷ്യം കാണുന്നതുവരെ ഇറാനെതിരായ ആക്രമണം തുടരുമെന്നും ട്രംപ് പറഞ്ഞു. ആക്രമണം ആഴ്‌ചകളോളം നീണ്ട് പോയേക്കാമെന്ന് ട്രംപ് ഇന്ന് ഒരു അമേരിക്കൻ മാധ്യമത്തിന് അനുവദിച്ച പ്രതികരണത്തിൽ സൂചിപ്പിച്ചു.ഇറാൻ ഒരു വലിയ രാജ്യമാണെന്നും സൈനിക നടപടികൾ തീർക്കാൻ സമയമെടുത്തേക്കുമെന്നും സംഘർഷം നാലാഴ്ച നീണ്ടേക്കാമെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. താൻ ഇറാനുമായി സംസാരിക്കാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചെങ്കിലും ചർച്ചകൾ എപ്പോൾ നടക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടില്ല. താനുമായി ചർച്ച നടത്താൻ ഇറാൻ ആഗ്രഹിക്കുന്നതായും ട്രംപ് അവകാശപ്പെട്ടു. ഇറാൻ സംസാരിക്കേണ്ടിയിരുന്നത് കഴിഞ്ഞ ആഴ്ചയായിരുന്നുവെന്നും ഈ ആഴ്ചയല്ലെന്നും താൻ അവരോട് പറഞ്ഞതായും ട്രംപ് പറഞ്ഞു.

