മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തിനായുള്ള കടുംപിടുത്തം മതിയാക്കി ഏക്നാഥ് ഷിൻഡെ . ബിജെപി കേന്ദ്ര നേത്യത്വത്തിന്റെ ഏത് തീരുമാനത്തെയും അംഗീകരിക്കുമെന്ന് ഷിൻഡെ പറഞ്ഞു. ഇതോടെ ദേവേന്ദ്ര ഫഡ്ണവിസിന്റെ പേര് നാളെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചേക്കും. അതേസമയം തെരഞ്ഞെടുപ്പിൽ തിരിമറി ആരോപിക്കുന്ന പ്രതിപക്ഷം ഇവിഎമ്മിനെതിരായ പ്രതിഷേധം ശക്തമാക്കും.മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഏക്നാഥ് ഷിൻഡെയുടെ വാർത്താ സമ്മേളനം.നരേന്ദ്രമോദിയുമായി ഇന്നലെ സംസാരിച്ചു. മുന്നണിയിൽ താനൊരു തടസമാവില്ലെന്നും മോദിയും അമിത് ഷായും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും ഷിൻഡെ പറയുന്നു.നാളെ ഫഡ്നാവിസ്, ഏക്നാഥ് ശിൻഡെ, അജിത് പവാർ എന്നിവർ ഡൽഹിയിൽ ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തും. പിന്നാലെ ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭയിൽ ക്യാബിനറ്റ് പദവിയും സംസ്ഥാനത്ത് പ്രധാനപ്പെട്ട ചില വകുപ്പുകളും ഷിൻഡെക്ക് വാഗ്ദാനം നൽകിയെന്നാണ് വിവരം. വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയതിന് പിന്നാലെയുണ്ടായ തർക്കത്തിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു