രണ്ടാഴ്ചയായി കാണാനില്ലായിരുന്ന മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റിയാദിന് സമീപം അൽ ഖർജിലെ മുറിയിൽ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാന്റെ (51) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ കാണാനില്ലെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. തുടർന്ന് സാമൂഹികപ്രവർത്തകരും ബന്ധുക്കളും അടക്കമുള്ളവർ അന്വേഷണം നടത്തി. ഇതിനിടയിൽ നൗഷാദിന്റെ സുഹൃത്തുക്കളായ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലാണെന്നും മറ്റും വാർത്തകൾ പരന്നു. സുലൈമാനും ഇക്കൂട്ടത്തിൽപെട്ടിട്ടുണ്ടാവാം എന്ന ധാരണയിൽ റിയാദിലെയും അൽ ഖർജിലെയും ജയിലുകളിൽ സാമൂഹിക പ്രവർത്തകർ അന്വേഷണം നടത്തുകയും ചെയ്തു. നൗഷർ താമസിക്കുന്ന മുറിയിൽനിന്ന് ഒരു രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി ചൊവ്വാഴ്ച രാവിലെ ആ കെട്ടിടത്തിൽ താമസിക്കാരായ മറ്റുള്ളവർ പൊലീസിനെ അറിയിക്കുകയായിരുന്നു.