കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ നിന്ന് 26 കോടി രൂപയുടെ വ്യാജനോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ വ്യാജനോട്ടുകളാണ് കാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിലയിൽ കണ്ടെത്തിയത്. സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകളാണെന്ന കുറിപ്പും പെട്ടികളിലുണ്ടായിരുന്നു.കടൻ ബസാർ പാലത്തിന് സമീപം ശ്രീനാരായണപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കെട്ടിടത്തിൽ നിന്നാണ് വ്യാജനോട്ടുകൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് റൂറൽ പൊലീസ് മേധാവിയുടെ സ്ക്വാഡും മതിലകം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നോട്ടുകൾ കണ്ടെത്തിയത്.സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകളാണെന്നും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും വ്യക്തമാക്കുന്ന കുറിപ്പാണ് നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്ന പെട്ടികളിലുണ്ടായിരുന്നത്. എന്നാൽ ഇത്തരം നോട്ടുകൾ വൻതോതിൽ സൂക്ഷിച്ചതിന് പിന്നിലെ ലക്ഷ്യമെന്താണെന്നതിൽ വ്യക്തതയില്ല.തിങ്കളാഴ്ച രാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ കെട്ടിടത്തിൽ ഉണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.സിനിമയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കുവേണ്ടിയാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നതെന്നാണ് കെട്ടിടം വാടകയ്ക്കെടുത്തവരുടെ വിശദീകരണം. എന്നാൽ ഇതിന്റെ നിജസ്ഥിതി പരിശോധിക്കുകയാണ് പൊലീസ്. വ്യാജനോട്ടുകൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്.വൻതോതിൽ വ്യാജനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

