പെൺവാണിഭ സംഘത്തിൽ മകൾ കുടുങ്ങിയെന്ന വ്യാജ ഫോൺ കോളിന് പിന്നാലെ ഹൃദയം പൊട്ടി മാതാവ് മരിച്ചു.ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സർക്കാർ സ്കൂളിലെ അധ്യാപികയായ മാലതി വർമ (58) യാണ് മരിച്ചത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ള വ്യാജ ഫോൺ കോളിന് പിന്നാലെ മാലതി വർമ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നുവെന്നാണ്റിപ്പോർട്ട്.വാട്സാപ്പിലൂടെ യായിരുന്നു കോൾ.
സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും സുരക്ഷിതമായി വീട്ടിലേക്ക് എത്തണമെങ്കിൽ എത്രയും പെട്ടെന്ന് ഒരു ലക്ഷം രൂപ നിശ്ചിത അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് മാലതി വർമയ്ക്ക് കോൾ വന്നതെന്ന് മകൻ ദിപൻഷു പറഞ്ഞു. പരാതി നൽകാനോ മറ്റോ ശ്രമിക്കരുതെന്നും ഫോണിൽ പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയായിരുന്നു വാട്സാപ്പിൽ പ്രൊഫൈൽ ചിത്രമായി ഉൾപ്പെടുത്തിയിരുന്നത്.കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമെന്നും ഇതിനിടവരുത്താതിരിക്കാനാണ് ഫോൺ വിളിക്കുന്നതെന്നും കോളിൽ പറഞ്ഞിരുന്നു.
‘ആഗ്രയിലെ അച്നേരയിലെ സർക്കാർ ഗേൾസ് ജൂനിയർ ഹൈസ്കൂളിലാണ് അമ്മ ജോലി ചെയ്യുന്നത്. വ്യാജ കോൾ വന്നതോടെ ആകെ പരിഭ്രാന്തരായി അവർ എന്നെ വിളിച്ചു. ഞാൻ അപ്പോൾ തന്നെ ആ നമ്പർ ചോദിച്ചു മനസ്സിലാക്കി. തുടക്കത്തിൽ +92 എന്ന നമ്പർ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അത് വ്യാജ സന്ദേശമാണെന്ന് ഞാൻ അമ്മയോട് പറഞ്ഞു. എന്നാൽ അപ്പോഴേക്കും അമ്മ അസ്വസ്ഥയായിത്തുടങ്ങിയിരുന്നു. സഹോദരിയോട് ഞാൻ സംസാരിച്ചെന്നും അവൾ കോളേജിൽ തന്നെയാണെന്നും മറ്റു പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും അമ്മയോട് പറഞ്ഞു. എന്നാൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ അപ്പ സുഖമില്ലെന്ന് പറയുകയായിരുന്നു. ഞങ്ങൾ വെള്ളം കുടിക്കാൻ കൊടുത്തു. സ്ഥിതി വഷളായിക്കൊണ്ടേയിരുന്നു’- മകൻ പറഞ്ഞു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.