72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’യാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിന് വേദിയാകുന്നത്. സാധാരണയായി ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് രാഷ്ട്രപതി പുരസ്കാരങ്ങൾ വിതരണം ചെയ്യാറുള്ളതെങ്കിലും, ഈ പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഇത്തവണത്തെ തീരുമാനം. ഈ മാസാവസാനം നടക്കുന്ന ഗുജറാത്ത് സന്ദർശന വേളയിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും. കേന്ദ്ര സർക്കാരിന്റെ പ്രധാന പരിപാടികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഗുജറാത്തിലേക്ക് മാറ്റുന്നുവെന്ന വിമർശനങ്ങൾക്കിടയിലാണ് ഈ സുപ്രധാന മാറ്റം.

