ഉദ്വേഗ മുണർത്തി ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പുറത്തുവിട്ടു. മലയാളികളുടെ മനസ്സിൽ എന്നും ഭീതിയും, ആകാംഷയുമൊക്കെ ഉണർത്തി പോരുന്നതാണ് കുപ്രസിദ്ധ കുറ്റവാളിയായ സുകുമാരക്കുറുപ്പ്. ഇപ്പോഴിതാ സുകുമാരക്കുറുപ്പുമാർ കൂട്ടത്തോടെ എത്തുന്നു. മുഖം മൂടി ധരിച്ച് ഒരു യാത്രയെ അനുസ്മരിക്കും വിധത്തിലാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏതോ കൊടും കുറ്റകൃത്യത്തിനായി ഉറങ്ങിത്തിരിക്കും വിധത്തിലാണ് ഇവരെ കാണാൻ കഴിയുന്നത്? എന്താണ് ഈ ഗ്യാംങ്ങിൻ്റെ ലക്ഷ്യം? ഷെബി ചൗലട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഓഗസ്റ്റ് മുപ്പതിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
പ്രേക്ഷകരെ ഏറെ ആകർഷമാക്കുന്ന ഈ പോസ്റ്റർ വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സോഷ്യൽ മീഡിയായിൽ തരംഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പ്രജീവം മൂവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ഈ ചിത്രം നിർമ്മിക്കുന്നു.
പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകൻ റുഷിൻ ഷാജി കൈലാസ് ആണ് നായകനായി അഭിനയിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ സുകുമാരക്കുറുപ്പായി അബുസലിം എത്തുന്നു. ടിനി ടോം, ജോണി ആന്റണി, ശ്രീജിത്ത് രവി, ഇനിയ, ദിനേശ് പണിക്കർ, സുജിത് ശങ്കർ, സിനോജ് വർഗീസ്, വൈഷ്ണവ് ബിജു, സൂര്യ ക്രിഷ്, അജയ് നടരാജ്, ടോം സ്കോട്ട്, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി തുടങ്ങിയവർ അഭിനയിക്കുന്നു. സംവിധായകൻ ഷെബിയുടെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.
ഛായാഗ്രഹണം – രതീഷ് രാമൻ, എഡിറ്റിംഗ് സുജിത് സഹദേവ്. ഹരിനാരായണൻ്റെ ഗാനങ്ങൾക്ക് മെജോ ജോസഫ് ആണ് ഈണം നൽകിയിട്ടുള്ളത്. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗായകർ. പശ്ചാത്തലം സംഗീതം റോണി റാഫേൽ, കലാസംവിധാനം സാബുറാം. മേക്കപ്പ് സന്തോഷ് വെൺപകൽ, ആക്ഷൻസ് റൺ രവി. ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ വിഎസ്, നിർമ്മാണ നിർവ്വഹണം – എസ്. മുരുകൻ.
വാഴൂർ ജോസ്.