ലിജോമോളും ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലെ താരമായ ലോസ്‌ലിയയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജെന്റിൽ വുമണിന്റെ ടീസർ പുറത്ത്. സ്‌ക്രീനിനെ രണ്ടു ഭാഗങ്ങളായി വിഭജിച്ച മാതൃകയിലായിരുന്നു ടീസർ. ഒന്നിൽ ലിജോ മോളിന്റെ കഥയും മറ്റൊന്നിൽ ലോസ്‌ലിയയുടെ കഥയും എന്ന രീതിയിലാണ് ദൃശ്യങ്ങളെ വിഭജിച്ചിരിക്കുന്നത്. ജോഷ്വ സേതുരാമൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാ രഞ്ജിത്ത് സിനിമകളിലൂടെ പ്രശസ്തനായ ഹരി കൃഷ്ണൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഹരികൃഷ്ണന്റെ കഥാപാത്രം ആണ് ഇരുവരെയും ഒന്നിപ്പിക്കുന്ന പൊതു ഘടകം എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. വ്യത്യസ്ത ജീവിത ശൈലിയുള്ള രണ്ട് സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ കാണിക്കുന്ന ടീസർ അവസാനിക്കുന്നത് ഇരു കഥകളെയും വേർതിരിക്കുന്ന മധ്യത്തിലുള്ള ഒരു രേഖ ഇല്ലാതായി, രണ്ട് കഥാപാത്രങ്ങളും ഒരു ഫ്രെയ്മിൽ വരുമ്പോൾ ആണ്. ‘അച്ഛൻ ആയാലും ഭർത്താവ് ആയാലും സ്ത്രീയെ വെറുമൊരു വസ്തു മാത്രമായാണ് കാണുന്നത് എന്ന വാചകത്തോടെയാണ് ടീസർ അവസാനിക്കുന്നത്.രാജ്യമാകെ ഏറെ പ്രശംസകൾ നേടിയ ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ലിജോ മോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും ജെന്റിൽ വുമണിനുണ്ട്. കോമള ഹരി പിക്‌ചേഴ്‌സും, വൺ ഡ്രോപ്പ് ഓഷ്യൻ പിക്‌ചേഴ്‌സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് എസ്.എ കാത്തവരായൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന ജെന്റിൽ വുമൺ മാർച്ച് 27 ന് റിലീസ് ചെയ്യും.