കർദിനാളായി ഉയർത്തപ്പെട്ട ജോർജ് ജേക്കബ് കൂവക്കാടിന് കൊച്ചിയില്‍ സ്വീകരണം. നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തിനെ പൂച്ചെണ്ടുകള്‍ നല്‍കിയാണ് സ്വീകരിച്ചത്. 24-ന് മാതൃ ഇടവകയില്‍ സ്വീകരണം നല്‍കും. വൈദികനായിരിക്കേ നേരിട്ട് കർദിനാള്‍ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി അതിരൂപതാംഗമായ കർദിനാള്‍ ജോർജ് ജേക്കബ് കൂവക്കാട്. പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ ഭാരതം സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും കർദിനാള്‍ കൂവക്കാട് പറഞ്ഞു. എന്നാല്‍ എപ്പോഴാകും സന്ദർശനമെന്നത് വ്യക്തമായിട്ടില്ല. മാർപാപ്പയുടെ വരവിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 2025-ന് ശേഷമാകാനാണ് കൂടുതല്‍ സാധ്യത. ക്രിസ്തു ജനിച്ചതിന്റെ ജൂബിലി ആഘോഷം നടക്കുന്ന വർഷമാണ് 2025. അതിനാല്‍ റോമില്‍ തന്നെയാകും മാർപാപ്പയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.