ബെംഗളൂരു വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിൽ കന്നഡ നടി രന്യ റാവുവിന് ജാമ്യമില്ല. ജാമ്യ ഹർജി സാമ്പത്തിക കുറ്റ കൃത്യങ്ങളുടെ അടിസ്ഥാനത്തിൽ കോടതി തള്ളി. രന്യയെ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം കടത്താൻ സഹായിച്ചത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു. ഗ്രീൻ ചാനൽ വഴി പരിശോധനകളില്ലാതെ പുറത്ത് കടക്കാൻ ഓഫീസർ രന്യയെ അനുഗമിച്ചെന്നാണ് കണ്ടെത്തൽ.ഒരു വർഷത്തിനിടെ പതിനഞ്ച് തവണയാണ് രന്യ റാവു ദുബായ് യാത്ര നടത്തിയത്. പിടിക്കപ്പെടും വരെ പലവട്ടം സ്വർണ്ണം കടത്തി. എന്നാൽ കേസിൽ രന്യയുടെ രണ്ടാനച്ഛനായ രാമചന്ദ്ര റാവുവിന് കുരുക്ക് മുറുകും. രന്യയെ പരിശോധനകളില്ലാതെ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിക്കാൻ രാമചന്ദ്ര റാവു നിർദേശം നൽകി എന്നാണ് പ്രോട്ടോകോൾ ഓഫീസർ നൽകിയ മൊഴി.ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന പദവി താൻ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും വിവാഹ ശേഷം രന്യ കാര്യമായ ബന്ധം സൂക്ഷിക്കുന്നില്ലെന്നുമായിരുന്നു രാമചന്ദ്രറാവു പറഞ്ഞ് കൊണ്ടിരുന്നത്. മകളുടെ ഇടപാടുകളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന ഈ വാദമാണ് ഇതോടെ പൊളിയുന്നത്. ബെംഗളൂരു വിമാനത്താവളത്തിലെ ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോവാനൊരുങ്ങുമ്പോഴാണ് ഡിആർഐ രന്യ റാവുവിനെ പിടികൂടുന്നത്. ഈ സമയം സഹായത്തിന് ഒപ്പമുണ്ടായിരുന്ന ബസവ രാജു എന്ന ഉദ്യോഗസ്ഥനാണ് രാമചന്ദ്ര റാവുവിനെ കുരുക്കിലാക്കിയത്.തനിക്ക് കള്ളക്കടത്തിനെക്കുറിച്ച് അറിയില്ല. രന്യയെ സഹായിക്കാൻ രാമചന്ദ്ര റാവു ആണ് നിർദ്ദേശം നൽകിയതന്നും ഇയാൾ ഡിആർഐയ്ക്ക് മൊഴി നൽകി. വിമാനത്താവളത്തിന് പുറത്തും പൊലീസ് സഹായം രന്യയ്ക്ക് കിട്ടിയെന്നാണ് ഡിആർഐയുടെ അന്വേഷണത്തിൽ തെളിയുന്നത്. രാമചന്ദ്ര റാവുവിനെതിരെ അഡീഷണൽ ചീഫ് സെക്രട്ടറി നടത്തുന്ന അന്വേഷണവും തുടരുന്നുണ്ട്.അതേസമയം, ചോദ്യങ്ങളോടൊന്നും സഹകരിക്കാതെ നിന്നിരുന്ന നടി ഒടുവിൽ സ്വർണ്ണം നൽകിയ ആളെക്കുറിച്ച് സൂചന നൽകി. ദുബായ് വിമാനത്താവളത്തിൽ ഒരാൾ സ്വർണ്ണമെത്തിക്കുമെന്ന് മാഫിയ സംഘം ഇൻർനെറ്റ് കോൾ വഴിയാണ് നിർദേശം നൽകിയത്. ആറടി ഉയരമുള്ള ഇരുനിറമുള്ള ആളാണ് സ്വർണ്ണം കൈമാറിയത്. അമേരിക്കൻ ആഫ്രിക്കൻ ആക്സൻറിൽ ആണ് ഇയാൾ സംസാരിക്കുന്നത്. എന്നാൽ താൻ മുൻപൊങ്ങും ഇത് ചെയ്ട്ടില്ലെന്നും ആദ്യവട്ടം തന്നെ പിടിയിലായെന്നും രന്യ ആവർത്തിക്കുന്നു.