1687ല്‍ ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം അവതരിപ്പിക്കുന്നതിന് വളരെ മുമ്പ് പുരാതന വേദഗ്രന്ഥങ്ങളില്‍ അതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നതായി രാജസ്ഥാന്‍ ഗവര്‍ണര്‍ ഹരിഭാവു കിസാന്റാവു ബാഗ്‌ഡെ.‘‘അറിവിന്റെ കാര്യത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാണ്. ഇന്ത്യയാണ് ദശാംശ സമ്പ്രദായത്തെക്കുറിച്ച് ലോകത്തിന് അറിവ് പകര്‍ന്നു നില്‍കിയത്. ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെക്കുറിച്ച് ലോകത്തോട് പറഞ്ഞു. എന്നാല്‍, അതിന് വളരെ മുമ്പ് തന്നെ ഇക്കാര്യം ഇന്ത്യയിലെ വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരുന്നു,’’ ജയ്പൂരിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ റീജിയണല്‍ സെന്ററിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരിച്ചിരുന്ന കാലത്ത് അവര്‍ ഇന്ത്യയില്‍ നിന്നുള്ള അറിവിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ ഇന്ത്യയുടെ പാണ്ഡിത്യവുമായും ശാസ്ത്രവുമായും ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘‘രാജ്യത്തെ വിദ്യാര്‍ഥികളുടെ ബൗദ്ധിക ശേഷി വര്‍ധിപ്പിക്കുകയും അവരെ ഇന്ത്യന്‍ പാണ്ഡിത്യവുമായും ശാസ്ത്രവുമായും ബന്ധിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്,’’ അദ്ദേഹം പറഞ്ഞു.വൈദ്യുതി, വിമാനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കണ്ടുപിടിത്തങ്ങളെക്കുറിച്ച് ഋഗ്വേദം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പുരാതന ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. മഹര്‍ഷി ഭരദ്വാജ് എഴുതിയ വിമാനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു പുസ്തകം തേടി നാസ 50 വര്‍ഷം മുമ്പ് ഒരു കത്തെഴുതിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.ഇന്ത്യന്‍ പാണ്ഡിത്യത്തെ നശിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും അതെല്ലാം പരാജയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘‘നളന്ദ സര്‍വകലാശാലയെക്കുറിച്ചും തക്ഷശില സര്‍വകലാശാലയെക്കുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ലോകമെമ്പാടുനിന്നും ധാരാളം വിദ്യാര്‍ഥികള്‍ അവിടെ പഠിക്കാന്‍ എത്തിയിരുന്നു. അന്ന് സംസ്‌കൃതഭാഷ മാത്രമെ ഉണ്ടായിരുന്നുള്ളൂ. മറ്റ് ഭാഷകളൊന്നുമില്ലായിരുന്നു. നളന്ദയെ ഭക്തിയാര്‍ ഖില്‍ജി നശിപ്പിച്ചു കളഞ്ഞു,’’ ഗവര്‍ണര്‍ പറഞ്ഞു. ‘‘എന്നാല്‍, പുതിയ പ്രതീക്ഷയോടെ നളന്ദയെ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുകയാണ്. അത് മുമ്പ് ഉണ്ടായിരുന്നതുപോലെ ആയിത്തീരുമെന്നും’’ അദ്ദേഹം പറഞ്ഞു