മധ്യപ്രദേശിലെ ഷിയോപൂരിൽ നടന്ന വിവാഹ ഘോഷയാത്രക്കിടെ കുതിരപ്പുറത്ത് നിന്ന് കുഴഞ്ഞ് വീണ് വരന് ദാരുണാന്ത്യം. ചടങ്ങിൽ പങ്കെടുക്കാൻ കുതിരപ്പുറത്ത് വരികയായിരുന്ന വരൻ പ്രദീപ് സിങ് ജാട്ടിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായ പ്രദീപിന് സുഹൃത്തുക്കള്‍ സിപിആർ നൽകിയ ശേഷം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദായാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം ,പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കൂ.നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻഎസ്‌യുഐ) മുൻ ജില്ലാ പ്രസിഡന്റ് ആയിരുന്നു മരണപ്പെട്ട പ്രദീപ് സിങ്. സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ കുതിരപ്പുറത്ത് വിവാഹ വേദിയിലേക്ക് പ്രവേശിക്കാനായി എത്തുന്ന അദ്ദേഹം പെട്ടന്ന് കുഴഞ്ഞ് വീഴുകയും എല്ലാരും ഓടി അടുക്കുകയും ചെയ്യുന്നു, തുടർന്ന് വേഗത്തിൽ എല്ലാവരും ചേർന്ന് താഴേക്ക് ഇറക്കി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതായി കാണാം.