നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. വൈകീട്ട് 3.30-ഓടെ ഹൈക്കോടതി ജാമ്യഉത്തരവ് പുറത്തിറക്കും. ഇതിനുപിന്നാലെ ബോബിക്ക് ജയില്‍മോചിതനാകാം. ഉപാധികളോടെയാവും ജാമ്യം അനുവദിക്കുകയെന്നും കരുതുന്നുണ്ട്.
കേസില്‍ പ്രോസിക്യൂഷൻ ഹാജരാക്കിയ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചു. എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നായിരുന്നു ദൃശ്യങ്ങള്‍ കണ്ടശേഷം കോടതിയുടെ ചോദ്യം. അതിനിടെ, ആ സമയത്ത് നടിക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാല്‍, നടിയുടെ മാന്യത കൊണ്ടാണ് അവർ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നതെന്ന് കോടതി പറഞ്ഞു.
നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടർന്നാണ് ജാമ്യഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്. കേസില്‍ റിമാൻഡിലായ ബോബി ചെമ്മണൂർ നിലവില്‍ കാക്കനാട് ജയിലില്‍ റിമാൻഡില്‍ കഴിയുകയാണ്. റിമാൻഡിലായി ആറാംദിവസമാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിക്കാമെന്ന് വ്യക്തമാക്കിയത്.