ചിലർക്ക് പുതിയ പുതിയ ഭാഷകൾ പഠിച്ചെടുക്കാൻ വലിയ കഴിവുകളാണ്, വലിയ താല്പര്യമുള്ളവരും ഉണ്ട്. അതുപോലെ തന്നെയാണ് വിദേശിയായ ഈ മനുഷ്യന്റെ കാര്യവും. അദ്ദേഹത്തിന്റെ ഹിന്ദി കേട്ട് ഇന്ത്യക്കാർ വരെ ഞെട്ടിയിരിക്കയാണ്. ആറ് വർഷം അദ്ദേഹം ബിഹാറിൽ താമസിച്ചിരുന്നു. അങ്ങനെയാണ് ഹിന്ദി പഠിച്ചെടുക്കുന്നത്. എന്തായാലും, ഓസ്ട്രേലിയയിൽ നിന്നും പകർത്തിയ അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. അദ്ദേഹത്തെ കണ്ടാൽ ഒരു വിദേശിയാണ് എന്ന് ആർക്കും മനസിലാവും. എന്നാൽ, അദ്ദേഹത്തിന്റെ ഹിന്ദി കേട്ടാൽ അദ്ദേഹം ഒരു ഇന്ത്യക്കാരനാണോ എന്ന് പലരും സംശയിച്ച് പോകും. @the_trend_honey എന്ന യുസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ ഓസല്ട്രേലിയക്കാരൻ ഹിന്ദി സംസാരിക്കുന്നു എന്ന കാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാരിയായ ഒരു യുവതിയാണ് വീഡിയോ പകർത്തുന്നത്. 1972 മുതൽ 1978 വരെ താൻ ഇന്ത്യയിലാണ് ജീവിച്ചത്. ആദ്യം ബിഹാറിലും പിന്നീട് ഉത്തർപ്രദേശിലുമാണ് താൻ കഴിഞ്ഞിരുന്നത് എന്നും വീഡിയോയിൽ ഇയാൾ വിശദീകരിക്കുന്നത് കാണാം. ഈ സമയത്ത് അദ്ദേഹം അവിടുത്തെ നാട്ടുകാരിൽ നിന്നാണത്രെ ഹിന്ദി പഠിച്ചെടുത്തത്. നന്നായി ഹിന്ദി ഉച്ചാരണത്തിലാണ് സംസാരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ബിഹാറി ഉച്ചാരണമാണ് ശരിക്കും നെറ്റിസൺസിനെ അമ്പരപ്പിച്ചത്.