ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും. പ്രതി തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചെന്നാണ് സൂചന. ദുബായും ബംഗളൂരുവും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിൽ ഒരാൾ ലഹരി കേസുകളിൽ മുൻപും അറസ്റ്റിലായിട്ടുണ്ട്. തസ്ലിമയ്ക്ക് കാർ വാടകയ്ക്ക് എടുത്ത് നൽകിയത് മറ്റൊരു സ്ത്രീയാണ്. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ആവശ്യമെങ്കിൽ അവരെയും പ്രതി ചേർക്കും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു. ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ കൂടുതൽ കണ്ണികൾക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്സൈസ് സംഘം.