കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി എക്‌സൈസ് വിമുക്തി മിഷൻ നടപ്പാക്കുന്ന ഉണർവ് ദ്ധതിയുടെ ഭാഗമായി കങ്ങഴ മുസ്ലിം ഹയർ സെക്കൻഡറി സ്‌കൂളിൽ പണികഴിപ്പിച്ച ബാഡ്മിന്റൺ കോർട്ടിന്റെ ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും നവംബർ 25(തിങ്കൾ) രാവിലെ 11.00 മണിക്കു എക്‌സൈസ്-തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുന്നതിനും സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ വിദ്യാർഥികളെ ലഹരി ഉപയോഗിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നതിനും അവരുടെ കർമശേഷിയെ ക്രിയാത്മകമായ മറ്റു മേഖലകളിൽ വിന്യസിക്കുന്നതിനുമായി എക്സൈസ് വകുപ്പ്, സംസ്ഥാന വിമുക്തി മിഷനുമായി ചേർന്ന് ആവിഷ്‌കരിച്ച പദ്ധതിയാണ് ഉണർവ്വ്. ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സ്‌കൂൾ കായികമേളയിലെ വിജയികൾക്കു സ്‌കൂൾ മാനേജർ ടി.എം. നസീർ താഴത്തേടത്ത് ഉപഹാരസമർപ്പണം നടത്തും. വാഴൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി മുഖ്യപ്രഭാഷണം നടത്തും. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ആർ. ജയചന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എക്‌സൈസ് കമ്മിഷണർ എ.ഡി.ജി.പി. മഹിപാൽ യാദവ്, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംല ബീഗം, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഹേമലതാ പ്രേംസാഗർ, ബ്‌ളോക്ക് പഞ്ചായത്തംഗം ശ്രീകല ഹരി, കങ്ങഴ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സലകുമാരി കുഞ്ഞമ്മ, കങ്ങഴ ഗ്രാമപഞ്ചായത്തംഗം എ.എച്ച്. ഷിയാസ്, പി.ടി.എ. പ്രസിഡന്റ് ഷൈബു മുഹമ്മദ് പാലക്കാട്ട്്, കങ്ങഴ മുസ്ലിം പുതൂർ പള്ളി ചീഫ്് ഇമാം ജനാബ് മുഹമ്മദ് റഫീഖ് മൗലവി, കങ്ങഴ മുസ്ലിം പുതൂർ പള്ളി സെക്രട്ടറി ഇസ്മയിൽ മണിയംകുളം, ഹെഡ്മാസ്റ്റർ ടി.എ. നിഷാദ്, പ്രിൻസിപ്പൽ സാജിദ് എ. കരീം എന്നിവർ പ്രസംഗിക്കും.