വീട്ടമ്മയുടെ വയറ്റില്‍ സര്‍ജറി ഉപകരണം കുടുങ്ങിയ സംഭവം; ശസ്ത്രക്രിയ ചെയ്തത് താനല്ലെന്ന് ഡോ. ലളിതാംബിക

പുന്നപ്രയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ശസ്ത്രക്രിയ ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ഡോ. ലളിതാംബിക.താനല്ല ഓപ്പറേഷന്‍ ചെയ്ത് എന്നാണ് ഡോ. ലളിതാംബിക പ്രതികരിച്ചിരിക്കുന്നത്. എച്ച്ഒഡി ആയിരുന്നത് കൊണ്ടാകാം തന്റെ പേര് രോഗി പറയുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

2021ല്‍ ആലപ്പുഴയിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന ശസ്ത്രക്രിയക്ക് ഇടയാണ് വീട്ടമ്മയായ ഉഷ ജോസഫിന്റെ വയറ്റില്‍ സര്‍ജറി ഉപകരണമായ മസ്‌കിറ്റോ (കത്രികയുടെ ആകൃതിയുള്ള വാസ്‌കുലാര്‍ ഫോര്‍സെപ്‌സ്) കുടുങ്ങിയത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും എന്നാല്‍ അതിന്റെ ഉത്തരവാദി താനല്ലെന്നുമാണ് ഡോ. ലളിതാംബിക പറയുന്നത്. ‘ഈ രോഗിയെ ഞാന്‍ ചികിത്സിച്ചിട്ടില്ല. ഓപ്പറേഷനും നടത്തിയിട്ടില്ല.

ഞാന്‍ ആ സമയത്ത് ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റും യൂണിറ്റ് ചീഫും ആയതുകൊണ്ട് രോഗി എന്റെ പേര് പറയുന്നതാകാം. ഇങ്ങനെയൊരു കാര്യം സംഭവിക്കാന്‍ പാടില്ല എന്നുള്ളത് ശരിയാണ്. പക്ഷെ ഞാനല്ല ആ ഓപ്പറേഷന്‍ ചെയ്തത്. ഇന്ന് കേസ് ഷീറ്റ് ഓപ്പണ്‍ ചെയ്യുമല്ലോ അപ്പോള്‍ ആരാണ് ഈ ഓപ്പറേഷന്‍ ചെയ്തത് എന്ന് കൃത്യമായി അറിയാം.

2021 മെയ് 31 നാണ് ഞാന്‍ റിട്ടയര്‍ ചെയ്യുന്നത്. സര്‍ജറി നടന്നത് തൊട്ടുമുന്‍പുള്ള ഡേറ്റിലാണല്ലോ. സാധാരണ സര്‍ജറികളാണെങ്കില്‍ ഓര്‍ത്തുവെക്കണമെന്നില്ല, പക്ഷെ മൂന്നര കിലോയുള്ള ട്യൂമര്‍ നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ അത് എനിക്ക് ഓര്‍മ കാണും.

അതുകൊണ്ട് ഞാന്‍ അല്ല ഓപ്പറേഷന്‍ ചെയ്തതെന്ന ഉറപ്പിച്ച് പറയാം. മാത്രമല്ല കൊവിഡിന്റെ രണ്ടാം വേവ് വന്ന സമയം ആയതുകൊണ്ട് ഞാന്‍ അതിന്റെ ചുമതലകളിലും ആയിരുന്നു.

സ്‌കാനിങ്ങ് റിപ്പോര്‍ട്ടുമായി മറ്റും ചിലര്‍ കണ്‍സള്‍ട്ടേഷന് വീട്ടിലേക്ക് വരാറുണ്ട്. അങ്ങനെ ഇവര്‍ വന്നിട്ടുണ്ടോ എന്ന് അറിയില്ല. അത് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ചിലപ്പോള്‍ കണ്‍സള്‍ട്ട് ചെയ്തിരിക്കാം. ഓപ്പറേഷന് ഞാന്‍ ഒരു രോഗിയുടെ കയ്യില്‍ നിന്നും പണം വാങ്ങാറില്ല. അത് ആരോട് ചോദിച്ചാലും അറിയാം. ഞാനാണ് ഓപ്പറേഷന്‍ ചെയ്തതെങ്കില്‍ അവര്‍ ഒരിക്കലെങ്കിലും പിന്നീട് വേദനയുമായി എന്റെ അടുത്ത് വരേണ്ടതല്ലേ. അത് ഒരിക്കലും ഉണ്ടായിട്ടില്ല.

എല്ലാത്തിനും ഡോക്ടര്‍മാരെ എളുപ്പത്തില്‍ കുറ്റം പറയാം. പക്ഷെ ഇതിനൊരു മറുവശം ഉണ്ട്. സര്‍ജറിയുടെ ഉപകരണങ്ങള്‍ ചെക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ഇല്ല. ഓരോ സര്‍ജറിയ്ക്കും രണ്ട് നഴ്‌സുമാര്‍ സര്‍ജറിക്ക് വേണം, സ്‌ക്രബ് നഴ്‌സും ഫ്‌ളോര്‍ നഴ്‌സും.

ഫ്‌ളോര്‍ നഴ്‌സ് ബോര്‍ഡില്‍ ഓരോ സര്‍ജറിയ്ക്കും മുന്‍പ് എടുത്ത ഉപകരണങ്ങള്‍ എഴുതി വെക്കുകയാണ് വേണ്ടത്. എന്നാല്‍ അങ്ങനെ എഴുതിവെക്കാനുള്ള ബോര്‍ഡോ അതിനുള്ള സ്റ്റാഫോ സര്‍ക്കാര്‍ ആശുപത്രികളില്ല.

സ്‌ക്രബ് നഴ്‌സ് ഉപകരണങ്ങളുടെ എണ്ണം ഓര്‍മയില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. നഴ്‌സ് ആറ് മസ്‌കിറ്റോ എടുത്തു എന്ന് പറഞ്ഞാല്‍ സര്‍ജറിയ്ക്ക് ശേഷം ആ എണ്ണം ഉപകരണങ്ങള്‍ അവിടെ ഉണ്ടായിരുന്നോ എന്നാണ് ഡോക്ടര്‍ക്ക് പരിശോധിച്ച് ഉറപ്പാക്കാനാവുക. നഴ്‌സിന് എന്തെങ്കിലും ഓര്‍മപ്പിശക് സംഭവിച്ചാല്‍ ഡോക്ടര്‍ക്ക് ഒന്നും ചെയ്യാനാകില്ല.

ഒരു കാര്യം കൂടി, നിങ്ങള്‍ ഇതിനെ കത്രിക എന്ന് വിളിക്കരുത്. ഇത് വളരെ ചെറിയ ഒരു സര്‍ജറി എക്യുപ്‌മെന്റാണ്. മസ്‌കിറ്റോ എന്നാണ് ഇതിന്റെ പേര്. കത്രിക എന്ന് പറയുമ്പോള്‍ വലിയ ഉപകരണമാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും,’ ഡോ. ലളിതാംബിക പറഞ്ഞു.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...